Monday 20 April 2009

ഫെനിയും ഞാനും മാത്തപ്പന്‍ ചേട്ടനും..

സത്യക്രിസ്ത്യാനിയും ഗ്രാമീണകര്‍ഷകനും സര്‍വ്വോപരി എന്‍റെ അയല്‍ക്കാരനുമാണ് മാത്തപ്പന്‍ ചേട്ടന്‍. നാലരയടിയോളം പൊക്കവും "ഗള്‍ഫ് ഗേറ്റ്" കാരുടെ പരസ്യത്തില്‍ കാണുന്നതുപോലെയുള്ള ഒരു കഷണ്ടിത്തലയും പ്രേംനസീര്‍ സ്റ്റൈലില്‍ മൈക്രോസ്കോപ്പ് വച്ച് നോക്കിയാല്‍ മാത്രം കാണാന്‍ പറ്റുന്ന തരത്തിലുള്ള വരമീശയും കള്ളി മുണ്ടും വെള്ള ബെനിയനുമാണ് മാത്തപ്പന്‍ ചേട്ടന്റെ പ്ലസ് പോയിന്റുകള്‍. വായില്‍ മുന്‍പിലുള്ള രണ്ടു പല്ലുകള്‍ മാത്തപ്പന്‍ചേട്ടനോട് സലാം പറഞ്ഞു പോയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. 



എല്ലാ കാര്യങ്ങള്‍ക്കും ഭയങ്കര സ്പീടാണ് മാത്തപ്പന്‍ ചേട്ടന്.. നടക്കുന്നതും പറമ്പിലെ ജോലികള്‍ ചെയ്യുന്നതും എല്ലാം "അതിവേഗം ബഹുദൂരം" എന്ന ചാണ്ടി സൂത്രം (ചാണ്ടീസ് പ്രിന്‍സിപിള്‍) അനുസരിച്ചാണ്. പിശുക്കിന്റെ കാര്യത്തില്‍ മാത്തപ്പന്‍ ചേട്ടന് വേണമെന്കില്‍ ഒരവാര്‍ഡ് കൊടുക്കാം. സ്കൂള്‍ വിദ്യാഭ്യാസം മൂന്നാം ക്ലാസ്. എന്നാലും എല്ലാ കാര്യങ്ങള്‍ക്കും മാത്തപ്പന്‍ ചേട്ടന് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധം നീണ്ടു പോവുകയും വീരന്മാരായ കുറച്ചു ജവാന്മ്മാര്‍ മരിക്കുകയും ചെയ്തതിനെപറ്റി മാത്തപ്പന്‍ ചേട്ടന്റെ അഭിപ്രായം ശ്രദ്ധിക്കൂ....



" നിന്നെപ്പോലെ വിവരമില്ലാത്തവന്മ്മാര് യുത്തം ചെയ്‌താല്‍ ഇങ്ങനെ കുറെ ചാകും. എയര്‍പ്പോഴ്സുകാര് മോളീന്ന് ബോംബിടണം..അന്നേരം കരസേനക്കാര് അവന്മ്മാരുടെ (പാകിസ്ഥാന്റെ) പള്ളക്ക് നോക്കി വെടിവയ്ക്കണം.... ഒറ്റ ദെവുസം കൊണ്ട് യുത്തം തീര്‍ന്നേനെ" !!....


ഇനി കുരുക്ഷേത്ര സിനിമയുടെ സി ഡി കണ്ടതിനു ശേഷം എന്നോട് നേരിട്ട് പറഞ്ഞ കമന്റ്.. 


" നീയൊക്കെ എന്തിനാടാ തോക്കും പിടിച്ചു നടക്കുന്നത്?......... ആ മോഹന്‍ലാലിനെ കണ്ടു പടി... ..അയാളില്ലെന്കില്‍ കാണാമായിരുന്നു... എത്ര പീകരന്മാരെയാ അയാള് ഒറ്റയ്ക്ക് തട്ടിയത്?" ..


ഇതില്‍ നിന്നും മാത്തപ്പന്‍ ചേട്ടന്റെ അറിവും ലോകപരിജ്ഞാനവും വായനക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ?..എന്തോക്കെയാനെന്കിലും മാത്തപ്പന്‍ ചേട്ടനും അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ ഒറോത ചേടത്തിക്കും എന്നോട് വലിയ കാര്യമായിരുന്നു..ഞാന്‍ ലീവിന് വന്നാല്‍ മാത്തപ്പന്‍ ചേട്ടന്‍ ദിവസവും എന്‍റെ വീട്ടില്‍ വരും..വെറുതെ വരുകയല്ല. എന്തെങ്കിലും സ്പെഷ്യല്‍ ഐറ്റം കൊണ്ടുവന്നിട്ടുണ്ടാകും...അത് ചിലപ്പോള്‍ നല്ല പഴുത്ത ചക്കയോ മൂവാണ്ടന്‍ മാങ്ങയോ ആകാം. അല്ലെങ്കില്‍ വീട്ടിലുണ്ടാക്കിയ എന്തെകിലും ആഹാരപദാര്‍ഥങ്ങള്‍.. ഒറോത ചേടത്തിയുണ്ടാക്കുന്ന "പോത്ത് പിരള"നാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.. 



മദ്യപാനം മാത്തപ്പന്‍ ചേട്ടന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ പറമ്പില്‍ നില്‍ക്കുന്ന നാല് തെങ്ങുകള്‍ ചെത്തുകാരന്‍ പാക്കരന്‍ചേട്ടന്‍ ചെത്തുന്നുണ്ട്. അതിനു പങ്കായി കിട്ടുന്ന കള്ളു പോലും മാത്തപ്പന്‍ ചേട്ടന്‍ വാങ്ങാറില്ല. അതിന്‍റെ പൈസ കണക്കു പറഞ്ഞു വാങ്ങും. പക്ഷെ ഞാന്‍ വന്നുകഴിഞ്ഞാല്‍ പാക്കരന്‍ ചേട്ടന്‍ ആ കള്ളു രഹസ്യമായി എനിക്ക് തരും..പകരം ദിവസവും രണ്ടു പെഗ്ഗ് മിലിട്ടറി എന്‍റെ വക!! ഞാനും പാക്കരന്‍ ചേട്ടനും ചേര്‍ന്നുള്ള ഒരു നയതന്ത്ര ബന്ധം..ഈ കാര്യം മാത്തപ്പന്‍ ചേട്ടന് അറിയില്ല. 


മദ്യപാനിയല്ലെന്കിലും മാത്തപ്പന്‍ ചേട്ടന്‍ ബ്രാണ്ടി കഴിക്കും..അത് മദ്യമല്ലേ എന്ന് ചോദിച്ചാല്‍ മാത്തപ്പന്‍ ചേട്ടന്റെ മറുപടി...



"ഡാ കൊച്ചനെ ഈ ബ്രാണ്ടി എന്തോന്ന് കൊണ്ട് ഉണ്ടാക്കുന്നതാണെന്ന് അറിയാമോ. മുന്തിരിയാടാ മുന്തിരി...ഇത് കഴിച്ചാല്‍ തടി പാലംപോലെ ഇങ്ങു പോരും..."



ഏതായാലും മാത്തപ്പന്‍ ചേട്ടന്റെ ഈ വീക്നെസ് അറിയാവുന്ന ഞാന്‍ എല്ലാ തവണയും ഒരു കുപ്പി ബ്രാണ്ടി അദ്ദേഹത്തിന് വേണ്ടി കൊണ്ടുവരാറുണ്ട്..അത് മാത്തപ്പന്‍ ചേട്ടനാണോ അതോ ഒറോത ചേടത്തിയാണോ കുടിക്കുന്നത് എന്നൊരു സംശയം ചെത്തുകാരന്‍ പാക്കരന്‍ചേട്ടന്‍ എന്നോട് ചോദിച്ചിരുന്നു..ഈ സംശയം എനിക്കും ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.




കഴിഞ്ഞതവണ ഞാന്‍ വരുന്ന വഴി ഗോവയില്‍ നിന്നും ഒരു കുപ്പി "ഫെനി" വാങ്ങിയിരുന്നു..ഗോവക്കാരുടെ ചാരായമാണ് ഫെനി. കശുമാങ്ങയുടെ ചാറില്‍ നിന്നുമാണ് അതുണ്ടാക്കുന്നത്‌. മാത്തപ്പന്‍ ചേട്ടനോട് ഞാന്‍ ഫെനിയുടെ കാര്യം പറഞ്ഞപ്പോള്‍ അത് കശുമാങ്ങയുടെ ചാറില്‍ നിന്നും വാറ്റിയെടുക്കുന്നത് കൊണ്ട് "വിറ്റാമിന്‍സ്" കൂടുതല്‍ ഉണ്ടാകാന്‍ വഴിയുന്ടെന്നും ഒരു ടെസ്റ്റിനു വേണ്ടി അല്പം കഴിച്ചു നോക്കാമെന്നും മാത്തപ്പന്‍ ചേട്ടന്‍ അഭിപ്രായപ്പെട്ടു. ഏതായാലും ഒരു ഫുള്‍ഗ്ലാസ് ലാര്‍ജ് തന്നെ മാത്തപ്പന്‍ ചേട്ടന് കൊടുത്തിട്ട് അര ലാര്‍ജ് കുടിച്ചു ഞാനും എന്‍റെ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് നികത്താന്‍ ശ്രമിച്ചു.  




ഒരു ഫുള്‍ ഗ്ലാസ് ഫെനി നിന്ന നില്പില്‍ അകത്താക്കിയ മാത്തപ്പന്‍ ചേട്ടന്‍ അതിവേഗം ബഹുദൂരമെന്ന പ്രിന്‍സിപിള്‍ പ്രകാരം ഉടനടി പൂസ്സാകുകയും പൂസ്സോട് കൂടി തന്റെ വീട്ടിലേക്കു പോവുകയും ചെയ്തു...അര ലാര്‍ജ് കൊണ്ട് വിറ്റാമിനുകള്‍ മുഴുവനായില്ല എന്ന് ബോധ്യപ്പെട്ട ഞാന്‍ അടുത്ത ഒരു ലാര്‍ജ് വെള്ളം കുറച്ചുമാത്രം ചേര്‍ത്ത് സ്മോളാക്കിയിട്ട് വായിലേക്ക് കമഴ്ത്തി.. എന്നിട്ട് അടുക്കളയില്‍ പോയി അമ്മ കാണാതെ ഒരു കഷണം വറുത്ത മീന്‍ അടിച്ചുമാറ്റി.




 പെട്ടെന്നാണ്‌ മാത്തപ്പന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും ഭാരമുള്ള എന്തോ സാധനം വീഴുന്ന ശബ്ദവും കൂടെ ഒരു നിലവിളിയും കേട്ടത്...നിലവിളിയുടെ സ്രോതസ്സ് ഒറോത ചെടത്തിയാനെന്നു എനിക്ക് മനസ്സിലായി..ഫെനിയടിച്ചു പൂസ്സായ ശേഷം അതിവേഗം വീട്ടിലോട്ടു പോയ മാത്തപ്പന്‍ ചേട്ടന്‍ ഒറോത ചേടത്തിയെ എടുത്ത്‌ പുറത്തേക്ക് ബഹുദൂരം എറിഞ്ഞു കാണുമോ എന്ന് ഞാന്‍ ഭയപ്പെട്ടു..ഞാനും അമ്മയും ഉടന്‍തന്നെ മാത്തപ്പന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക്‌ പുറപ്പെട്ടു..




അവിടെ വീടിനു പുറകില്‍ നില്‍കുന്ന വലിയൊരു പ്ലാവിന്റെ ചുവട്ടില്‍ മാത്തപ്പന്‍ ചേട്ടന്‍ വീണു കിടക്കുന്നു..അടുത്ത്‌ തന്നെ സയാമീസ് ഇരട്ടയെപ്പോലെ മാത്തപ്പന്‍ ചേട്ടന്റെ അതെ വലിപ്പമുള്ള ഒരു ചക്കയും കിടപ്പുണ്ട്.. കിടപ്പ് കണ്ടിട്ട് ഭൂമിയില്‍ ആദ്യം ലാണ്ട് ചെയ്തത് മാത്തപ്പന്‍ ചേട്ടനാണെന്നും പുറകെ വന്ന ചക്ക അദ്ദേഹത്തിന്റെ പുറത്താണ് ലാണ്ട് ചെയ്തതെന്നുമുള്ള സത്യം എനിക്ക് മനസ്സിലായി..ഞാനും ഒറോത ചേച്ചിയും ചേര്‍ന്ന് വീണു കിടക്കുന്ന മാത്തപ്പന്‍ ചേട്ടനെ എടുത്ത്‌ വീട്ടിലെത്തിച്ചു. ഭാഗ്യത്തിന് അവിടവിടെ അല്പം തൊലിപോയി എന്നല്ലാതെ മാത്തപ്പന്‍ ചേട്ടന്റെ ദിവ്യശരീരത്തില്‍ മറ്റു കുഴപ്പങ്ങളൊന്നും പറ്റിയിരുന്നില്ല. പക്ഷെ ചെറുപ്പത്തില്‍ സ്കൂളില്‍ പോകുന്ന സമയത്ത് മരം കയറ്റം ഒരു ശീലമാക്കി, പലവിധ മരങ്ങളില്‍ കയറി പരീക്ഷങ്ങള്‍ നടത്തി വിജയശ്രീ ലാളിതനായിട്ടുള്ള മാത്തപ്പന്‍ ചേട്ടന്‍ സ്വന്തം പറമ്പില്‍ എന്നും കയറാറുള്ള പ്ലാവില്‍നിന്നും വീണതെങ്ങനെ എന്നുള്ള ചോദ്യം ഞാന്‍ ആദ്യം എന്നോട്തന്നെയും പിന്നെ സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒറോത ചേടത്തിയോടും ചോദിച്ചു...


സംഭവത്തിന്റെ വിവരണം ഒറോത ചേച്ചിയുടെ വാക്കുകളില്‍. ........."എന്തോ പറയാനാ..ഈ മനുഷേനോട് ഒരു ചക്കയിടാന്‍ പറഞ്ഞതാ...പഴുത്ത ചക്കയായത് കൊണ്ട് കയറേക്കെട്ടി ഇറക്കാന്‍ പറഞ്ഞപ്പം അങ്ങേരു കയറും കൊണ്ട് കേറിയതാ..ഇച്ചിരെ കഴിഞ്ഞപ്പം ദേ അങ്ങേരും ചക്കേം കൂടെ താഴെക്കിടക്കുന്നു... " ഒറോത ചേടത്തി വലിയവായില്‍ ഒന്നുകൂടി കരഞ്ഞിട്ടു വീണിതയ്യോ കിടക്കുന്നു ധരണിയില്‍ കോണകമണിഞ്ഞയ്യോ ശിവ ശിവ എന്ന മട്ടില്‍ കണ്ണുമടച്ചു കിടക്കുന്ന പ്രിയതമന്റെ ശരീരത്തിലെ പൊടി മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു..



 അപ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ വീഴാന്‍ കാരണം ഞാന്‍ കൊടുത്ത ഫെനിയാണ് എന്നെനിക്കു ഉറപ്പായി...ഒറോതചേച്ചി അറിഞ്ഞാല്‍ ഉണ്ടാകാവുന്ന പുകിലുകളെക്കുരിച്ചോര്‍ത്തപ്പോള്‍ ഞാന്‍ കുടിച്ച ഫെനിയുടെ വിറ്റാമിന്‍ മുഴുവന്‍ ഇറങ്ങിപ്പോയതുപോലെ എനിക്ക് തോന്നി..ഫെനിയുടെ ശക്തിയാല്‍ പ്ലാവിന്റെ മുകളിന്‍ നിന്നും ബൈ എയര്‍ താഴെയെത്തിയ മാത്തപ്പന്‍ ചേട്ടനെ ഞാന്‍ ദയനീയമായി നോക്കി... 


പക്ഷെ എന്‍റെ ഫെനിയല്ല മാത്തപ്പന്‍ ചേട്ടന്റെ വീഴ്ചക്ക് ഉത്തരവാദിയെന്നു അധികം താമസിക്കാതെ വെളിപ്പെട്ടു...പഴുത്ത ചക്ക കയറില്‍ കെട്ടി ഇറക്കാന്‍ കയറുമായി പ്ലാവില്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ കയറാനുള്ള സൌകര്യത്തിനും കയറുന്ന വഴി കയര്‍ കൈവിട്ടു പോകാതിരിക്കാനുമായി അതിന്റെ ഒരറ്റം സ്വശരീരത്തില്‍ ബന്ധിച്ചുകൊണ്ടാണ് കയറിയത്. ...സ്വതവേ അല്പം സ്പീട് കൂടുതലുള്ള മാത്തപ്പന്‍ ചേട്ടന്‍ മുകളിലെത്തിയതും ചക്ക കയറിന്‍റെ മറ്റേ അറ്റത്തു കെട്ടിയ ശേഷം സ്പീഡ് ഒട്ടും കുറയാതെ ഒരു വെട്ടുകൊടുത്തു..അതോടെ ചക്ക അതിവേഗം താഴോട്ട് പോന്നു....കൂടെ കയറിന്‍റെ മറ്റേ അറ്റത്തുള്ള മാത്തപ്പന്‍ ചേട്ടനും.!!!!