Wednesday 19 September 2012

മാത്തപ്പന്‍ ചേട്ടന്റെ കുണ്ടാണം



"ഈ കുണ്ടാണം ഞാനിന്നു തല്ലിപ്പൊട്ടിക്കും... എന്നിട്ടു പോയി അവന്മാരുടെ ആപ്പീസ്സിനു തീ വയ്കും"

വിക്കറ്റ് തെറിപ്പിക്കാന്‍ പായുന്ന ബൌളറെപ്പോലെ വലതു കയ്യില്‍ ഒരു  ലാന്‍ഡ് ലൈന്‍  ടെലിഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  കോപാകുലനായി പാഞ്ഞു വരികയാണ്  മാത്തപ്പന്‍  ചേട്ടന്‍.

 തൊട്ടു പിറകെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ഒറോത ചേടത്തിയുമുണ്ട്.

"അയ്യോ അതു  തല്ലിപ്പൊട്ടിച്ചാല്‍ എന്റെ മാത്തുക്കുട്ടി ഇനി എങ്ങനെ വിളിക്കും എന്റെ കര്‍ത്താവേ" എന്ന നിലവിളിയോടെയാണ്  അവരുടെ ഓട്ടം.

 ഫോണുമായി ഓടിവന്ന മാത്തപ്പന്‍ ചേട്ടന്‍ മുറ്റത്തിനരികില്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. പിന്നെ  ആ സാധു ദൂരഭാഷണ യന്ത്രത്തെ എടുത്തു ശബരിമലയ്ക്ക്  പോകുന്നവര്‍ തേങ്ങാ അടിക്കുന്ന രീതിയില്‍  ഒരു കരിങ്കല്‍ കഷണം ലക്ഷ്യമാക്കി  ഒറ്റ ഏറു വച്ചു കൊടുത്തു.

ജാംബവാന്റെ  കാലഘട്ടത്തില്‍ നിര്‍മ്മിച്ച  ആ  BSNL വക ദൂരസ്രാവി അഞ്ചാറു കഷണങ്ങളായി  ചിതറിത്തെറിച്ചു.

അതു കണ്ട ഒറോത ചേടത്തി കര്‍ത്താവിനെ ഒന്നുകൂടി വിളിച്ചു കൊണ്ടു തലയില്‍ കൈ താങ്ങി നിലത്തു കുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മേല്‍പ്പടി സംഭവങ്ങള്‍ നടക്കുന്നത്.  എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ വീടായ മാത്തന്‍സ്  വില്ലയാണ്  സംഭവ സ്ഥലം.  സംഭവം നടക്കുമ്പോള്‍ ദൃക് സാക്ഷിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ് മാത്തപ്പന്‍ ചേട്ടന്‍ ഫോണ്‍  അടിച്ചു പൊട്ടിച്ചത്  എന്നെനിക്കു പിടികിട്ടിയില്ല.  എങ്കിലും മാത്തപ്പന്‍ ഒറോത ദമ്പതികളുടെ സ്ഥിരമായുള്ള കുടുംബ കലഹത്തിന്റെ ഭാഗമാണോ ഈ "ഫോണ്‍ തേങ്ങയടി" എന്ന്   ഒരു മാത്ര  ഞാന്‍ സംശയിക്കാതിരുന്നില്ല.

മന്ത്രിസ്ഥാനം പോയ എമ്മെല്ലെയേപ്പോലെ  വിഷണ്ണനായി തലയും കുമ്പിട്ടു വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ് മാത്തപ്പന്‍ ചേട്ടന്‍.  സ്ഥിരമായി അദ്ദേഹം ധരിയ്ക്കാറുള്ള  കള്ളിമുണ്ടും  ഫുള്‍ കയ്യന്‍ ബനിയനുമാണ് വേഷം.  ടാര്‍ വീപ്പയെ ബനിയന്‍ ധരിപ്പിച്ചതു പോലെയുള്ള അദ്ദേഹത്തിന്റെ  ശരീരം കോപം കൊണ്ട്  അടിമുടി വിറയ്ക്കുകയാണ്.  മുണ്ടിനടിയില്‍ ധരിച്ചിരിക്കുന്ന ചുവന്ന അണ്ടര്‍വെയര്‍ പോലും ആ വിറയില്‍ പങ്കു ചേരുന്നുണ്ട്.

"എന്താ മാത്തപ്പന്‍ ചേട്ടാ പ്രശ്നം ? എന്തിനാ ആ ഫോണ്‍ തല്ലിപ്പൊട്ടിച്ചത്?"

മാത്തപ്പന്‍ ചേട്ടന്റെ  അടുത്തുഅടുത്തെത്തിയ ഞാന്‍  അനുനയസ്വരത്തില്‍ ചോദിച്ചു.

"പിന്നെ ഞാന്‍ എന്തോ ചെയ്യണം?  ഒരു മാസമായിട്ട്  അതു ചത്തു കിടക്കുവാരുന്നു. ഇന്നലെയാ അവന്മാര്  വന്നു നന്നാക്കി  തന്നത്. ഇപ്പം നോക്കിയപ്പം  ദേണ്ടെ പിന്നേം ചത്തു"

വെടി പൊട്ടിയതു  പോലെ മാത്തപ്പന്‍ ചേട്ടന്‍ മറുപടി പറഞ്ഞു. എന്നിട്ടു വീണ്ടും പഴയ പടി മുഖവും കുനിച്ചു ഇരുപ്പായി.

"ഹ ഹ ഇതാണോ കാര്യം... ഇന്നത്തെ കാലത്ത് ആരെങ്കിലും ഈ BSNL ഫോണ്‍ ഉപയോഗിക്കുമോ മാത്തപ്പന്‍ ചേട്ടാ..അവരു  കാശു മേടിക്കാനായി മാത്രം ഇരിക്കുന്നവരാ.. ഫോണ്‍ കേടായാല്‍ നന്നാക്കാന്‍  ആരും വരില്ല . പക്ഷെ ബില്ല് കൃത്യമായി അയക്കുകയും ചെയ്യും"  ഞാന്‍ മാത്തപ്പന്‍ ചേട്ടനെ സമാധാനിപ്പിക്കാനെന്നോണം  പറഞ്ഞു.

"എടാ കൊച്ചനെ...ഇന്നു  നിങ്ങള്‍ രണ്ടു പേരും കൂടി സൂസ്സന്നയുടെ ചെറുക്കന്‍ വീട്ടുകാരെ കാണാന്‍ പോകാനിരുന്നതല്ലാരുന്നോ? . പോകുന്നേനു മുന്‍പ്   മാത്തുക്കുട്ടി  ഗള്‍പ്പീന്നു വിളിക്കാന്നു പറഞ്ഞാരുന്നു. പെങ്ങടെ കല്യാണത്തിനു സ്രീതനം കൊടുക്കുന്നത് അവനല്യോ? അപ്പോപ്പിന്നെ നിങ്ങള്‍ പോകുന്നതിനു മുന്‍പ്  അവനെ വിളിച്ചു കാര്യങ്ങള്‍ ഒക്കെ സംസാരിക്കെണ്ടേ? അതിനു വേണ്ടി നോക്കിയപ്പോഴാ അതു ചത്തു കിടക്കുന്നത് കണ്ടത്. പിന്നെ അങ്ങേര്‍ക്കു ദേഷ്യം വരാതിരിക്കുമോ?"

തകര്‍ന്നു കിടക്കുന്ന ഫോണിന്റെ കഷണങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടിരുന്ന ഒറോത ചേടത്തിയാണ് അതു പറഞ്ഞത്.  പെറുക്കിയെടുത്ത കഷണങ്ങളുമായി അവര്‍ അടുക്കള വശത്തേയ്ക്ക് പോയി.

"അയ്യോടാ... അതു ശരിയാണല്ലോ.  ഇന്നല്ലേ നമുക്ക്  എടത്വായ്ക്ക്  പോകേണ്ടത്.  പന്ത്രണ്ടു മണിക്ക് മുന്‍പ് നമുക്കവിടെ എത്തേണ്ടേ... മണിയിപ്പം  പത്തു കഴിഞ്ഞു. ഉടനെ ഇറങ്ങിയാലല്ലേ  പന്ത്രണ്ടു മണിയ്ക്ക്  മുന്‍പ് അവിടെ എത്താന്‍ പറ്റൂ" ഞാന്‍ പ്രതീക്ഷയോടെ മാത്തപ്പന്‍ ചേട്ടനെ നോക്കി.

"എടാ അതിനിപ്പം മാത്തുക്കുട്ടിയോടു സംസാരിക്കാതെ നമ്മളവിടെപ്പോയി എന്തോ പറയും? പെങ്ങടെ സ്രീധനപ്പൈസാ  അവനല്ലേ ഉണ്ടാക്കുന്നത്‌ ?  ഫോണ്‍ കേടായത് കൊണ്ട്  അവനിങ്ങോട്ടു വിളിക്കാനും പറ്റുകേലല്ലോ ..ഞാനെന്തോ ചെയ്യുമെന്റെ കര്‍ത്താവേ?"   മാത്തപ്പന്‍ ചേട്ടന്‍  നിസ്സഹായതയോടെ ആകാശത്തേയ്ക്ക്  മിഴികളുയര്‍ത്തി.

"ശെടാ ഇങ്ങനെ ആകാശത്തോട്ടും നോക്കിയിരുന്നാല്‍ കര്‍ത്താവു  വന്നു BSNL ഫോണ്‍ നന്നാക്കി  തരുമോ...വീട്ടിലെ പണിയെല്ലാം മാറ്റി വച്ചിട്ടാ എടത്വായ്ക്ക്  പോകാനായി ഞാന്‍ വന്നിരിക്കുന്നെ " എനിക്ക് ദേഷ്യം വന്നു. 

"ഒരു കാര്യം ചെയ്യാം...  .വീട്ടിലെ ഫോണ്‍ കേടാണെന്നും  ഉടനെ ഈ ഫോണിലേയ്ക്ക്  വിളിക്കണമെന്നും പറഞ്ഞു ഞാന്‍ എന്റെ മൊബൈലില്‍ നിന്നും മാത്തുക്കുട്ടിയ്ക്ക്  ഒരു മെസ്സേജ് അയക്കാം"  അപ്പോള്‍ പിന്നെ  പോകുന്ന വഴിയ്ക്ക്   ബസ്സിലിരുന്നായാലും നമുക്ക്  സംസാരിക്കാമല്ലോ"

ആ നിര്‍ദ്ദേശം മാത്തപ്പന്‍ ചേട്ടന്  ഇഷ്ടപ്പെട്ടു.  ഞാനുടന്‍ മാത്തുക്കുട്ടിയുടെ നമ്പരിലേയ്ക്ക്  ഒരു മെസ്സേജ് അയച്ചു.  പിന്നീടു അധികം താമസിക്കാതെ ഞാനും മാത്തപ്പന്‍ ചേട്ടനും കൂടി എടത്വായില്‍ പോകാനായി  ബസ്‌  സ്റ്റേഷനിലെത്തി.

ചങ്ങനാശ്ശേരിയ്ക്ക്  പോകുന്ന ഒരു ഓര്‍ഡിനറി ബസ്‌ വന്നു നിന്നു.  അതിനുള്ളില്‍ സൂചി കുത്താനുള്ള ഇടമില്ലെങ്കിലും സമയക്കുറവു പരിഗണിച്ചു ഞങ്ങള്‍  ആ ബസില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. വെള്ള മുണ്ടും  ജൂബയും ധരിച്ചു കയ്യില്‍ ഒരു വലിയ കാലന്‍  കുടയുമായി വന്ന മാത്തപ്പന്‍  ചേട്ടന്‍  ബസ്സില്‍ കയറാനുള്ള സൌകര്യത്തിനായി  തന്റെ കുടയെ കയ്യില്‍ നിന്നും കക്ഷത്തിലേയ്ക്ക്  മാറ്റുകയും കയറുന്ന തിരക്കിനിടയില്‍ കുടയുടെ കാല്   പിറകില്‍ നിന്ന   ഒരു മധ്യവയസ്കന്റെ    ഡബിള്‍ മുണ്ടിനെ വേരോടെ പറിച്ചു കൊണ്ടു  പോവുകയുമുണ്ടായി. ഏതായാലും മുണ്ടിന്റെ ഉടമസ്ഥന്‍  ഉടന്‍ തന്റെ  മുണ്ടിനെ കുടയുടെ പിടിയില്‍  നിന്നും മോചിപ്പിക്കുകയും യഥാസ്ഥാനത്തു  വീണ്ടും ഉറപ്പിയ്ക്കുകയും ചെയ്തു.

"മൂപ്പീന്ന്  നേരെ മുന്‍പിലോട്ടു വിട്ടോ..അവിടെ പന്ത് കളിക്കാനുള്ള  സ്ഥലമുണ്ട്."  കേറിയ പാടെ കണ്ടക്ടര്‍ മാത്തപ്പന്‍ ചേട്ടനോട് പറഞ്ഞു.

"മാത്തപ്പന്‍ ചേട്ടാ ഇന്നാ ഈ മൊബൈല്‍ കയ്യില്‍  വച്ചോ..അഥവാ മാത്തുക്കുട്ടി വിളിച്ചാല്‍  ഞാന്‍ മുന്‍പോട്ടു വരണ്ടല്ലോ"  ഞാന്‍ എന്റെ മൊബൈല്‍ മാത്തപ്പന്‍ ചേട്ടന്റെ കയ്യില്‍ കൊടുത്തിട്ട് പിറകില്‍  അല്പം  സ്ഥലം കിട്ടിയിടത്തേയ്ക്ക്  മാറി  ഒതുങ്ങി നിന്നു.

വണ്ടി വിട്ടു. പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവത്തിനായി  ആശുപത്രിയിലേയ്ക്കു പോകുന്നത് പോലെ ആ സര്‍ക്കാര്‍ ശകടം ഇഴഞ്ഞു വലിഞ്ഞു നീങ്ങി.

 അല്പം കഴിഞ്ഞപ്പോള്‍ ബസ്സിന്റെ മുന്‍ഭാഗത്ത്   നിന്നും ഒരു ബഹളം കേട്ടു.  ഉടന്‍ ഒരു സ്ത്രീ ഉച്ചത്തില്‍  വിളിച്ചു  പറയുന്നതു  കേട്ടു.

"കണ്ടക്ടറെ ബസ്സ് പോലീസ്   സ്റ്റേഷനിലോട്ടു വിട്...ഇയ്യാളെന്നെ പീഡിപ്പിച്ചു"

"ഈ പെമ്പ്രന്നോര്‍ക്ക്‌  ഇതെന്നാത്തിന്റെ സൂക്കേടാ..ഞാന്‍ ആരെയും പീഡിപ്പിച്ചില്ല"  ഒപ്പം മാത്തപ്പന്‍ ചേട്ടന്റെ ശബ്ദം..

അതു കേട്ടു ഞാന്‍  ഞെട്ടി...

"ഈശ്വരാ കുഴപ്പമായോ? മുന്‍വശത്ത്‌  നിറയെ സ്ത്രീകളാണ്. അതിനിടയില്‍ പെട്ട മാത്തപ്പന്‍ ചേട്ടന്‍ ഒരു ദുര്‍ബ്ബലനിമിഷത്തില്‍ എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചു കാണുമോ?"

എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി...

ബസ്സ്‌  പോലീസ്   സ്റ്റേഷനിലേയ്ക്ക്  പോകാനായി തിരിക്കുകയാണ്. ഞാന്‍ തിരക്കിലൂടെ ഞെങ്ങി ഞെരുങ്ങി മാത്തപ്പന്‍ ചേട്ടന്റെ അരികിലെത്തി.

"എന്താ ചേട്ടാ പ്രശ്നം? എന്തിനാ അവരെ പീഡിപ്പിച്ചത് " ഞാന്‍ വെപ്രാളത്തോടെ മാത്തപ്പന്‍ ചേട്ടനോട് ചോദിച്ചു.

"എടാ ഞാന്‍ ഒന്നും ചെയ്തില്ല. പോക്കറ്റില്‍ കിടന്ന ആ  കുണ്ടാണം അനങ്ങിയതാ"

"അനങ്ങും.. അനങ്ങും...തൊലി വെളുപ്പുള്ള  പെണ്ണുങ്ങളെക്കാണുമ്പോള്‍  കിളവന്മാരുടെ കുണ്ടാണവും അനങ്ങും. തന്നെയൊക്കെ പിടിച്ചു  പോലീസ്സില്‍  ഏല്പ്പിയ്ക്കുയാ  വേണ്ടത്."

ഉദ്ദേശം നാല്പത്തഞ്ച് വയസ്സ് തോന്നിയ്ക്കുന്ന ഒരു വനിതാരത്നം  വീറോടെ  വാദിയ്ക്കുകയാണ്.

"പോക്കറ്റിലുള്ള കുണ്ടാണം അനങ്ങിയെന്നോ?  അതെന്തു കുണ്ടാണം? മാത്തപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ടു ഞാന്‍ അന്തം വിട്ടു മിഴിച്ചു നിന്നു.

"എടാ നിന്റെ ഫോണ്‍..അതു കൊറച്ചു നേരമായി കിടന്നു വെറയ്ക്കുവാ....അതു വെറച്ചപ്പം     ഇവരുടെ ദേഹത്തെങ്ങാണ്ട് മുട്ടിയതാ"

"അയ്യോ ചേട്ടാ അതു മാത്തുക്കുട്ടി വിളിയ്ക്കുന്നതാ...എന്റെ ഫോണ്‍  വൈബ്രേഷനില്‍   ഇട്ടിരുന്ന വിവരം അപ്പോഴാണ്‌  ഞാന്‍ ഓര്‍ക്കുന്നത്.

ഇതിനകം വണ്ടി പോലീസ്  സ്റ്റേഷന്റെ  മുന്‍പിലെത്തി നിന്നു. 

"ചേട്ടാ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉടനെ ഇറങ്ങിക്കോ...അല്ലെങ്കില്‍ പീഡനക്കേസ്സില്‍ നമ്മള്‍ രണ്ടു പേരും അകത്താ"

ഞാന്‍ മാത്തപ്പന്‍ ചേട്ടനേയും വലിച്ചു കൊണ്ടു വണ്ടിയില്‍ നിന്നും  ചാടിയിറങ്ങി മുന്നില്‍ കണ്ട വഴിയിലൂടെ  നേരെ കിഴക്കോട്ടു വിട്ടു.


 (*കുണ്ടാണം : എന്തിന്റെയെങ്കിലും ശരിയായ പേര് ഓര്‍മ വരാത്തപ്പോള്‍ അതിനു പകരമായി മാത്തപ്പന്‍ ചേട്ടന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്)