Sunday 8 May 2011

ഒറോത സാനിയാ മാത്തപ്പന്‍

വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

മനസ്സിനക്കരെ സിനിമയില്‍ ഷീലാമ്മ പോകുന്നത് പോലെ..!!

വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങിനെ പള്ളിയില്‍ പോകാന്‍ വന്ന കുമാരി ഒറോതയെ വഴിയരുകിലുള്ള റബ്ബര്‍ തോട്ടത്തില്‍ പാല്‍ എടുത്തു കൊണ്ടിരുന്ന ഒരു യുവകോമളന്‍ അറിയാതെ ഒന്നു നോക്കിപ്പോയി!

കോമളന്റെ പേര് മാത്തപ്പന്‍ എന്നായിരുന്നു.

നോട്ടത്തില്‍ കുമാരി ഒറോത വീണു. ഒപ്പം കോമളന്‍ മാത്തപ്പന്റെ കയ്യിലിരുന്ന റബ്ബര്‍ പാല്‍ ബക്കറ്റും നിലത്തു വീണു. ഒറോത ഒരു നിമിഷം കൊണ്ട് ശകുന്തളയായി മാറി. മാത്തപ്പന്‍ ദുഷ്യന്തനായി. അനുരാഗവിലോചനയായി മാത്തപ്പന്‍ ദുഷ്യന്തന്റെ കണ്ണില്‍ നോക്കി നിന്നുപോയ ഒറോതശകുന്തളയെ കൂടെയുണ്ടായിരുന്ന യരുശലേം തോഴിമാര്‍ കയ്യില്‍ പിടിച്ചു വലിച്ചു പള്ളിയിലേയ്ക്ക് കൊണ്ടുപോയി.

ആയതിനു ശേഷം എന്നും മാത്തപ്പദുഷ്യന്തന്‍ റബ്ബര്‍പാല്‍ പാത്രവുമേന്തി വഴിയരുകില്‍ കാത്തു നില്‍ക്കുക പതിവായി. ഒറോതശകുന്തള പള്ളിയില്‍ പോക്ക് ആഴ്ചയില്‍ ഒന്ന് എന്നുള്ള സാധാരണ കണക്കില്‍ നിന്നും രണ്ടു, മൂന്നു, നാല്, എന്നിങ്ങനെ ആരോഹണ ക്രമത്തിലേയ്ക്ക് മാറ്റി.

ഒടുവില്‍ ദുരന്തം സംഭവിച്ചു.

വിവരം ശകുന്തളയുടെ വന്ദ്യ പിതാശ്രീ കറിയാ അവര്‍കള്‍ അറിഞ്ഞു.

തന്റെ പ്രിയപുത്രി ഒരു റബ്ബര്‍വെട്ടുകാരന്റെ പ്രിയപത്നി ആകുന്നതു കറിയാപിതാശ്രീയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.

അദ്ദേഹം പല്ലും നഖവും മാത്രമല്ല ശരീരത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും ഉപയോഗിച്ച് അതിനെ എതിര്‍ത്തു.

അറ്റകൈ പ്രയോഗം എന്ന നിലയില്‍ ശകുന്തള, താന്‍ ദുഷ്യന്തനുമായി റബ്ബര്‍ തോട്ടത്തിനുള്ളില്‍ വച്ച്റബ്ബര്‍ തോട്ട വിധിപ്രകാരം വിവാഹിതയായിപ്പോയി എന്നുള്ള രഹസ്യ വിവരം പുറത്താക്കിയതോടെ കറിയാ പിതാശ്രീയുടെ പിടി വിട്ടുപോയി.

അദ്ദേഹം വെട്ടിയിട്ട റബ്ബര്‍ മരം പോലെ താഴെ വീണു.

ഒടുവില്‍ പള്ളിയേയും പട്ടക്കാരേയും അറിയിച്ചു കൊണ്ട് ഒറോത ശകുന്തളയുടെ കഴുത്തില്‍ മാത്തപ്പ ദുഷ്യന്തന്‍ താലി ചാര്‍ത്തി.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒറോത ശകുന്തള മൂന്ന് തവണ പുഷ്പിണിയായി. ആദ്യത്തെ പുഷ്പിണിയില്‍ മാത്തുക്കുട്ടി പിറന്നു. രണ്ടാമത്തെ പുഷ്പിണിയില്‍ അന്നമ്മയും മൂന്നാമത്തെ പുഷ്പിണിയില്‍ റോസമ്മയും പിറന്നതോടെ ഒറോത ചേടത്തി പുഷ്പിണിയാകല്‍ പരിപാടി നിറുത്തി വച്ചു.

ഇപ്പോള്‍ മാത്തുക്കുട്ടി ഗള്‍ഫില്‍. അന്നമ്മ ഓസ്ട്രേലിയയില്‍. റോസമ്മ ബാംഗലൂരുവില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എല്ലാവരും വരും.

മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും മാത്തന്‍സ് വില്ലയില്‍ ഒറ്റയ്ക്ക്


ഇത്രയും ഫ്ലാഷ് ബാക്ക്.

ഇനി നമുക്ക് ഫ്ലാഷ് ഇല്ലാതെ മാത്തപ്പന്‍ ഒറോത ദമ്പതികളുടെ തിരുക്കുടുംബമായ മാത്തന്‍സ് വില്ലയിലേയ്ക്കു ഒന്ന് പോയി നോക്കാം.

ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഞാന്‍ മാത്തന്‍സ് വില്ലയില്‍ പോകാറുണ്ട്. മാത്തപ്പന്‍ ചേട്ടന്റെ വീടിന്റെ മുന്‍പിലുള്ള തെങ്ങില്‍ നിന്നും ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്‍ ഇറങ്ങി വരുന്ന സമയം നോക്കിയാണ് പോക്ക്.

എങ്കില്‍ മാത്രമേ മാത്തന്‍ വില്ലയിലെ വിശേഷങ്ങള്‍ അറിയുന്നതിനൊപ്പം നല്ല സ്വയമ്പന്‍ തെങ്ങിന്‍ കള്ളും ഒറോത ചേടത്തി ഉണ്ടാക്കുന്ന രുചികരമായ പോത്ത് ഉലര്‍ത്തിയതും കഴിക്കാന്‍ പറ്റൂ!!

പകരം ഞാന്‍ മിലിട്ടറിക്വോട്ടാ വാങ്ങുന്ന സമയം നോക്കി മാത്തപ്പന്‍ ചേട്ടനും എന്റെ വീട് സന്ദര്‍ശിക്കാറുണ്ട്.

മിലിട്ടറിയോടൊപ്പം കൊറിക്കാനുള്ള “പോത്ത് ഉലര്‍ത്തിയതു”മായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം!

പോത്ത് കൊടുത്തുവിട്ടതിന്റെ പാരിതോഷികം എന്ന നിലയില്‍ മാത്തപ്പന്‍ ചേട്ടന്‍ തിരിച്ചു പോകുമ്പോള്‍ രണ്ടു പെഗ്ഗ് റം ഒരു ചെറിയ കുപ്പിയില്‍ ഒഴിച്ച് ഞാന്‍ കൊടുത്തു വിടും.

അതിന്റെ അവകാശി ഒറോത ചേടത്തിയാണ്. പക്ഷെ ചിലപ്പോള്‍ ഈ രണ്ടു പെഗ്ഗ് വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മാത്തപ്പന്‍ ചേട്ടന്റെ വയറ്റിലായെന്നും വരാം.

പകരമായി വീട്ടിലെത്തിയാലുടന്‍ മാത്തപ്പന്‍ ചേട്ടന്‍ ഒറോത ചേടത്തിയുടെ പുറം നോക്കി രണ്ടെണ്ണം പെഗ്ഗില്ലാതെ ഇട്ടു കൊടുക്കും.

അങ്ങിനെ ഒരു ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഞാന്‍ മാത്തന്‍ വില്ലയിലെത്തി

വീടിന്റെ മുന്‍പില്‍ ആരെയും കാണുന്നില്ല.

പാക്കരന്‍ ചേട്ടന്‍ കൊടുത്ത കള്ളു മുഴുവന്‍ മാത്തപ്പന്‍ ചേട്ടന്‍ ഒറ്റയ്ക്ക് സേവിച്ചു കാണുമോ എന്ന ശങ്കയില്‍ വീടിന്റെ വരാന്തയിലേയ്ക്കു കയറുമ്പോഴാണ് അലര്‍ച്ച കേട്ടത്.

ഭാ .. ഒറോത പിശാചേഎന്നെ അടിക്കാന്‍ മാത്രം നീ വളര്‍ന്നോടീ ശവമേ

ഒപ്പം തട്ടിന്‍ പുറത്തു തേങ്ങ പെറുക്കി ഇടുന്നതു പോലെയുള്ള ശബ്ദവും കൂടെഅയ്യോ കാലമാടന്‍ എന്നെ കൊന്നേഎന്നുള്ള ഒറോത ചേടത്തിയുടെ നിലവിളിയും കേട്ടതോടെ ഇന്നത്തെ കള്ളും പോത്തിറച്ചിയും “സ്വാഹാ” ആയെന്നു എനിക്ക് മനസ്സിലായി.

വെറുതെ ഒന്നു മിനുങ്ങിക്കളയാം എന്നു കരുതി വന്ന ഞാന്‍ കുടുംബകലഹത്തിനു സമാധാനം പറയേണ്ടി വരുമോ എന്നു ശങ്കിച്ചു നില്‍ക്കുമ്പോള്‍ അതാ വീടിന്റെ ഉള്ളില്‍ നിന്നും ഒറോത ചേടത്തി ഓടിവരുന്നു

ചേടത്തിയുടെ കയ്യില്‍ ടെന്നീസ് ബാറ്റു പോലെയുള്ള ഒരു സാധനം..!!

വീടിന്റെ മുന്‍വശത്ത്‌ നില്‍ക്കുന്ന എന്നെ മൈന്‍ഡ് ചെയ്യാതെ പിറകു വശം ലക്ഷ്യമാക്കിയാണ് ഒറോത ചേടത്തി ഓടുന്നത്. തൊട്ടു പിറകെ പ്രൈവറ്റ് ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു പോലെ മാത്തപ്പന്‍ ചേട്ടനും! അദ്ദേഹം തന്റെ വലതു കൈ മുദ്രാവാക്യം വിളിക്കുന്ന രീതിയില്‍ ചുരുട്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.

വീടിനു ചുറ്റും ഒരു റൌണ്ട് ഓട്ടം പൂര്‍ത്തിയാക്കിയ മാത്തപ്പന്‍ ഒറോത ടീം എന്നെ കണ്ടയുടന്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. മാത്തപ്പന്‍ ചേട്ടന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്നപോലെ എന്റെ പിറകില്‍ ഒളിച്ച ഒറോത ചേടത്തിയെ അടിക്കാന്‍ വന്ന മാത്തപ്പന്‍ ചേട്ടനെ ബലമായി പിടിച്ചു നിര്‍ത്തിയ ഞാന്‍ രണ്ടു പേരോടുമായി ചോദിച്ചു.

“ശ്ശെ എന്താ ഇത് മാത്തപ്പന്‍ ചേട്ടാ..വയസ്സനാം കാലത്തു രണ്ടു പേരും കൂടെ പുരയ്ക്ക് ചുറ്റും ഓടിക്കളിക്കുന്നോ?”

അതു കേട്ട ഒറോത ചേടത്തി മൂക്ക് ചീറ്റി മുണ്ടില്‍ തുടച്ചിട്ടു കരച്ചിലോടെ പറഞ്ഞു..

“എടാ കൊച്ചനെ..ഉറങ്ങിക്കിടക്കുമ്പോള്‍ ഇങ്ങേരുടെ മൂക്കേല്‍ കടിച്ച ഒരു കൊതുകിനെ ഞാന്‍ കൊന്നു. അതിനാ ഇങ്ങേര്‍ എന്നെ ഇട്ടോടിക്കുന്നത്.’

“ആഹാ ഇത്രേ ഉള്ളോ കാര്യം? അതിനാണോ ഈ വഴക്കും ബഹളവും?” ഞാന്‍ മാത്തപ്പന്‍ ചേട്ടനെ ദേഷ്യത്തോടെ നോക്കി.

“എടാ എന്റെ മൂക്കേല്‍ കടിച്ച കൊതുകിനെ അവള്‍ എങ്ങിനെയാ കൊന്നതെന്ന് ചോദിക്ക്.”

തന്റെ ചുവന്നു വീര്‍ത്തിരിക്കുന്ന മൂക്ക് കാണിച്ചു കൊണ്ട് കുത്താന്‍ വരുന്ന മൂരിക്കുട്ടനെപ്പോലെ മാത്തപ്പന്‍ ചേട്ടന്‍ മുക്രയിട്ടു.

ഞാന്‍ വീണ്ടും ചോദ്യ ഭാവത്തില്‍ ഒറോത ചേടത്തിയെ നോക്കി. കയ്യിലിരുന്ന ടെന്നീസ് ബാറ്റ് പോലെയുള്ള സാധനം ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

“ദേ കഴിഞ്ഞ തവണ മാത്തുക്കുട്ടി വന്നപ്പോള്‍ കൊണ്ടുവന്നതാ…കൊതുകിനെ കൊല്ലുന്ന ബാറ്റ്. ഇതിയാന്റെ മൂക്കേല്‍ ഇരുന്ന കൊതുകിനെ ഞാന്‍ ഇതു കൊണ്ടാ അടിച്ചത്.”

സാനിയ മിര്‍സയെപ്പോലെ ബാറ്റും പിടിച്ചു നില്‍ക്കുന്ന ഒറോത ചേടത്തിയേയും അതു കൊണ്ടുള്ള അടിയേറ്റു ചളുങ്ങിയ മാത്തപ്പന്‍ ചേട്ടന്റെ മൂക്കും കണ്ടപ്പോള്‍ കഴിഞ്ഞ ആഴ്ചയില്‍ വാങ്ങിയ മോസ്കിറ്റോ ബാറ്റിന്റെ കാര്യം ഞാന്‍ ഓര്‍ത്തു.

എത്രയും പെട്ടെന്ന് അതിന്റെ പ്രവര്‍ത്തനം ഭാര്യയെ പഠിപ്പിച്ചില്ലെങ്കില്‍ എന്റെ മൂക്കും ഇതുപോലെ "കശുമാങ്ങാപ്പഴം" ആയേക്കുമെന്ന് ഭയന്ന ഞാന്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് നടന്നു…


("പട്ടാളക്കഥകള്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍" പ്രസിഡണ്ടും മുഖ്യ വിമര്‍ശകയുമായ എന്റെ സ്വന്തം ഭാര്യ, അസ്സോസിയേഷന്‍ സെക്രട്ടറിയായ മകന്‍, ഖജാന്‍ജിയായ മകള്‍ (അസ്സോസിയേഷനില്‍ ആകെ മൊത്തം ടോട്ടല്‍ നാലു പേരേ ഉള്ളൂ) എന്നിവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരിക്കല്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റിയ ഈ കഥ ഇവിടെ വീണ്ടും പോസ്റ്റുന്നു.)

18 comments:

  1. "പട്ടാളക്കഥകള്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍" പ്രസിഡണ്ടും മുഖ്യവിമര്‍ശകയുമായ എന്റെ സ്വന്തം ഭാര്യ, അസ്സോസിയേഷന്‍ സെക്രട്ടറിയായ മകന്‍, ഖജാന്‍ജിയായ മകള്‍ (അസ്സോസിയേഷനില്‍ ആകെ മൊത്തം ടോട്ടല്‍ നാലു പേരേ ഉള്ളൂ) എന്നിവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരിക്കല്‍ ബൂലോകം ഓണ്‍ലൈനില്‍ പോസ്റ്റിയ ഈ കഥ ഇവിടെ വീണ്ടും പോസ്റ്റുന്നു.

    ReplyDelete
  2. ഉം!
    വീണ്ടും വായിച്ച്! ഗുമ്മൻ!

    മുല്ലപ്പന്തൽ മുല്ലപ്പന്തൽ എന്നു കേട്ടിട്ടുണ്ടോ?
    ഇല്ലേൽ എന്റെ വഴി വാ!

    ReplyDelete
  3. ഈ കഥ വീണ്ടും പോസ്റ്റ്‌ ചെയ്യിച്ച കമ്മറ്റിക്കാര്‍ക്ക് നന്ദി ....

    ReplyDelete
  4. രണ്ട് കാര്യമാണു് പറയാനുള്ളതു്.

    ഒന്ന് കഥയെക്കുറിച്ചു്. ആസ് യൂഷ്വൽ, ഒരു സംശയം - ഞായറാഴ്ച തെങ്ങ് ചെത്താൻ ആൾ വരുമോ? മാത്തപ്പൻ ചേട്ടനും സാനിയച്ചേച്ചിയും ഉറങ്ങുന്ന നേരം നോക്കി പട്ടാളമോഡലിൽ അവിടെ നുഴഞ്ഞുകയറിയത് എന്തിനായിരുന്നു എന്നുള്ളത് ഞങ്ങൾക്കറിഞ്ഞേ മതിയാവൂ. കൈയിൽ (അല്ലെങ്കിൽ കാലിൽ) തളപ്പുണ്ടായിരുന്നു, മണ്ടയിൽ (തെങ്ങിന്റെ) കുടമുണ്ടായിരുന്നു എന്നുകേട്ടാലും മതി.

    രണ്ട്: പോളിറ്റ് ബ്യൂറോ പിടി അയച്ചുതുടങ്ങി എന്ന് വിശ്വസിക്കാമോ? (എങ്കിൽ ധൈര്യമായി...)

    ReplyDelete
  5. ഇപ്പഴാ വായിച്ചത് കെട്ടോ
    കൊള്ളാം!
    അസോസിയേഷന് നന്ദി! :)

    ReplyDelete
  6. ഡാക്കിട്ടറെ റൊമ്പ നണ്ട്രി...

    നന്ദി നൌഷു

    ചിതല്‍...സംശയം നമ്പര്‍ ഒന്ന്. ഞായറാഴ്ചകളില്‍ തെങ്ങ് ചെത്താന്‍ ആള്‍ വരുമോ?
    വരും...അന്നല്ലേ ഷാപ്പില്‍ കുടിയന്‍സിന്റെ എണ്ണം കൂടുതല്‍ ഉള്ളത്? (വന്നില്ലെങ്കില്‍ കുടം മാത്തപ്പന്‍ ചേട്ടന്‍ പൊക്കും..ഹ ഹ )
    സംശയം നമ്പര്‍ രണ്ടു: പോളിറ്റ് ബ്യൂറോ...!!!
    ബ്ലോഗിലെ പിടി അല്പം അയഞ്ഞു...ഇനി കഴുത്തില്‍ പിടിക്കാന്‍ ആണോന്നൊരു സംശയം ... ഹി ഹി ...

    വാഴേ....
    വളരെ നന്ദി...

    ReplyDelete
  7. അയ്യൊ ഇതു ഞാന്‍ മുമ്പ്‌ വായിച്ചില്ലായിരുന്നല്ലൊ ഏതായാലും വീണ്ടും പോസ്റ്റിയതു നന്നായി

    ഞാന്‍ വിചാരിച്ചതുപോലെ ഒറോതചേട്ടത്തിയുടെ കയ്യില്‍ ചിരവ ആയിരുന്നെങ്കിലോ എന്റമ്മോ !!

    ReplyDelete
  8. ഓ... കലക്കി.. ആദ്യം വായിക്കുകയാണ്.

    ReplyDelete
  9. “റബ്ബര്‍ തോട്ട വിധി” പ്രകാരം വിവാഹിതയായിപ്പോയി!!


    ഹ ഹ ഹ :))

    ചിരിപ്പിച്ചു, പദവിന്യാസങ്ങള്‍ക്ക് നല്ല കൈയ്യടക്കം. ആദ്യാമായാണിവിടം ഞാന്‍.

    ReplyDelete
  10. നന്ദി ഹെരിറ്റേജ് സാര്‍..

    നന്ദി പൊന്മലക്കാരാ...
    ഇനിയും വരുമല്ലോ?

    നന്ദി നിശാസുരഭി..
    വീണ്ടും വരുമല്ലോ?

    ReplyDelete
  11. ഭാഷയും ഫലിതവും നന്നായി വഴങ്ങുന്നു രഘുനാഥാ, പിന്നെ എന്റെ സ്വർഗസ്ഥപിതാവും ഒരു മുൻസൈനികനായിരുന്നു.

    ReplyDelete
  12. കലക്കി ഭായി..നേരത്തെ വായിക്കഞ്ഞത് നഷ്ട്ടമായി !

    ഫാന്‍സ്‌ അസോസിയേഷനില്‍ ഇന്ന് മുതല്‍ ഞാനും ഉണ്ട് കേട്ടോ !

    ReplyDelete
  13. നന്ദി ഹെരിറ്റേജ് സര്‍
    നന്ദി പൊന്മളക്കാരാ
    നന്ദി വില്ലേജ് മാനെ..

    ReplyDelete
  14. നന്ദി ശ്രീ ശശികുമാര്‍

    ReplyDelete
  15. ഹ ഹ ഹ ബാറ്റായത് ഭാഗ്യം. ഈ പഹയന്മാർ വെട്ടുകത്തിപോലുള്ള സാധനമെങാനും ഈച്ചയെ കൊല്ലാൻ കണ്ടുപിടിച്ചിരുന്നു എങ്കിലോ...?!! :)

    ReplyDelete
  16. valare rasakaramayi paranju..... othiri ishttamayi....

    ReplyDelete
  17. നന്ദി ഭായി...
    നന്ദി ജയരാജ്...

    ReplyDelete
  18. രഘുനാഥ്‌, ഇന്നാണു ഇത്‌ വായിച്ചത്‌. താങ്കളുടെ ബ്ലോഗേർസ്‌ മീറ്റ്‌ പോസ്റ്റിന്റെ ആദ്യഭാഗം കണ്ടു കൊണ്ടാണു ഇവിടെയെത്തിയത്‌. നല്ല ശൈലി! ഇനിയും വരും.

    ReplyDelete